തിരുവനന്തപുരം: പ്രതീക്ഷിച്ചിരുന്ന പ്രവർത്തനസമിതി അംഗത്വം നിഷേധിക്കപ്പെട്ടതിൽ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. പ്രവർത്തക സമിതിയിലെ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്ക് പറഞ്ഞു കേട്ട പേരായിരുന്നു ചെന്നിത്തലയുടേത്. വിരമിക്കൽ പ്രഖ്യാപിച്ച എ.കെ. ആന്റണിയുടെ കൂടി ഒഴിവ് പ്രതീക്ഷിച്ചിരിക്കെ ചെന്നിത്തലക്കൊപ്പം കേരളത്തിൽ നിന്ന് രണ്ടാമത്തെയാൾ ആരെന്ന ചർച്ച മാത്രമാണ് ശേഷിച്ചിരുന്നത്. ഫലത്തിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള രമേശിന് അംഗത്വം ലഭിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെക്കാൾ ജൂനിയറായ ശശി തരൂരിന് അംഗത്വം നൽകുകയും ചെയ്തു.
‘പ്രതികരിക്കാനില്ലെന്ന’ പ്രതികരണത്തിലൂടെയാണ് തന്റെ പ്രതിഷേധവും രോഷവും ചെന്നിത്തല പ്രകടിപ്പിച്ചത്. നേതൃത്വത്തിന്റെ നടപടി അവഗണനയാണെന്നുതന്നെയാണ് ചെന്നിത്തല ക്യാമ്പിന്റെ വിലയിരുത്തൽ. ഇക്കാര്യം വരും ദിവസങ്ങളിൽ ഹൈകമാൻഡിനോട് ഉന്നയിക്കാനും സാധ്യതയുണ്ട്. 18 പേരടങ്ങുന്ന സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് ചെന്നിത്തലയുടെ സ്ഥാനം. എന്നാൽ, 19 വർഷം മുമ്പുതന്നെ ചെന്നിത്തല ക്ഷണിതാവായി പ്രവർത്തക സമിതിയിലെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹി എന്ന നിലയിൽ അതിന് മുമ്പും. ഇതാണ് അതൃപ്തിക്കുള്ള മറ്റൊരു കാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഇത്തരമൊരു കല്ലുകടി നേതൃത്വം എങ്ങനെ പരിഹരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
എ.കെ. ആന്റണിയുടെ പ്രവർത്തന സമിതി അംഗത്വം നിലനിർത്തിയതാണ് ചെന്നിത്തലയുടെ വഴിയടച്ചത്. കോൺഗ്രസിന്റെ പരമോന്നത സമിതിയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പവരുത്തുന്നതിനുവേണ്ടിയാണ് ആന്റണിയെ ഉൾപ്പെടുത്തിയതെന്നാണ് വിവരം. ഓസ്കർ ഫെർണാണ്ടസും എ.കെ. ആന്റണിയും അടക്കമുള്ളവരാണ് മുൻകാലങ്ങളിൽ ഈ വിടവ് നികത്തിയിരുന്നത്. ആന്റണിക്കു പകരം ബെന്നി ബഹനാന്, കെ.സി. ജോസഫ് എന്നിവരെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍, സംസ്ഥാന തലത്തില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആന്റണിയെ നിലനിര്‍ത്താമെന്ന തീരുമാനത്തില്‍ എത്തിയത്. ദലിത്-പിന്നാക്ക പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി പ്രവർത്തകസമിതിയിൽ നിലനിര്‍ത്തിയിട്ടുണ്ട്.