ചെന്നൈ : തമിഴ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മിറ്റി. അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘമാണ് കമ്മിറ്റി രൂപീകരിച്ചത്. സിനിമ മേഖലയിലുള്ള സ്ത്രീകൾക്ക് പരാതി പറയാൻ സ്ഥിരം കമ്മിറ്റിയായി പ്രവർത്തിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചു.
അന്വേഷണത്തിൽ കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം സിനിമയിൽ വിലക്കേർപ്പെടുത്തും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമനടപടികൾക്കും വിധേയരാകണം. അതിജീവിതർക്ക് നിയമസഹായം നൽകാൻ കമ്മറ്റി പ്രവർത്തിക്കും. പരാതി അറിയിക്കാൻ ഇ-മെയിലും ഫോൺ നമ്പരും സജ്ജമാക്കും. പത്ത് പേരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചു.
മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഏർപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ആഗസ്ത് 19ന് പുറത്ത് വിട്ടിരുന്നു. സിനിമ മേഖലയിലെ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ടിൽ നിരീക്ഷിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തമിഴ് സിനിമയിലും കമ്മിറ്റി രൂപീകരിക്കുന്നതിന് ആവശ്യം ഉയർന്നിരുന്നു.