അബുദാബി: യുഎഇയിൽ ഇന്ന് മഴയ്ക്കായുള്ള പ്രാർത്ഥനകൾ നടക്കും. രാവിലെ 11 മണിക്ക് രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ച് കൂടിയുള്ള പ്രാർത്ഥനകളാണ് നടക്കുക. മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താൻ യുഎഇ പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു.
നിലവിൽ ചൂട് അവസാനിച്ച്, തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ. ഏപ്രിലിന് മുൻപായി, സുഖകരമായ കാലാവസ്ഥയുള്ള ഇനിയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിലും ശക്തമായ മഴ ലഭിച്ചത് ഏപ്രിലിലായിരുന്നു. രാജ്യത്തെ സ്വാഭാവിക പ്രകൃതിയെ ശക്തിപ്പെടുത്താനും ശുദ്ധജല സ്രോതസുകളുടെ നിലനിൽപ്പിനും മഴ അനിവാര്യമാണ്.
രാജ്യത്ത് മഴയ്ക്കായി പ്രാർത്ഥിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ആഹ്വാനം ചെയ്തത്. അറബിയില്‍ സലാത്തുൽ ഇസ്തിസ്ഖ എന്ന് അറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, രാവിലെ 11 മണിക്കാണ് നടക്കുക. പള്ളികളിൽ ഒത്തുചേർന്ന് പ്രാർത്ഥനകളുണ്ടാകും. അറബ് രാജ്യങ്ങളിൽ സാധാരണമാണ് മഴയ്ക്കായുള്ള സമൂഹ പ്രാർത്ഥനകൾ. മഴയ്ക്കായുള്ള ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളും നടക്കും.