സിനിമാ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് നടത്തിയ യുട്യൂബർക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തെയാണ് ഗൗരി രൂക്ഷമായി വിമർശിച്ചത്. ശരീര ഭാരത്തെക്കുറിച്ചുള്ള ആ ചോദ്യം ‘വെറും വിഡ്ഢിത്തരമാണെന്ന്’ ഗൗരി ജി കിഷൻ പറഞ്ഞു. നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ഗൗരി വാർത്താസമ്മളനത്തിൽ ചോദിച്ചു. എന്നാൽ തന്റെ ചോദ്യത്തിൽ എന്താണ് തെറ്റുള്ളത് എന്ന തരത്തിൽ വ്ലോഗർ ന്യായീകരണം തുടരുകയാണ് ചെയ്തത്. ആ സമയത്ത് മോശം ചോദ്യമാണ് നിങ്ങൾ ചോദിക്കുന്നതെന്ന് ഗൗരി കിഷൻ ആവര്‍ത്തിച്ചു. എന്നാൽ വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒരു വാക്ക് പോലും മിണ്ടാതെ മൗനത്തിൽ ഇരിക്കുകയായിരുന്നു.
‘ബോഡി ഷെയിമിങിനെ നോർമലൈസ് ചെയ്യുന്നത് തെറ്റാണെന്ന് ഗൗരി പറഞ്ഞു. നിങ്ങൾ ചോദിക്കുന്നതിൽ എനിക്ക് ക്യൂട്ട്നെസ് ഒന്നും കാണാൻ കഴിയുന്നില്ല. ആദ്യം ശരീര അധിക്ഷേപം നോർമലൈസ് ചെയ്യുന്നത് തിരുത്തൂ. എന്തുകൊണ്ടാണ് എൻ്റെ കഥാപാത്രത്തെക്കുറിച്ചോ സിനിമയിലെ അഭിനയത്തെപ്പറ്റിയോ നിങ്ങൾ ഒന്നും ചോദിക്കാത്തത് ?. നടിമാരുടെ ഭാരം അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താണ് ലഭിക്കാനുള്ളത് ?’. വ്ലോഗറുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് ഗൗരി പറഞ്ഞു.
സിനിമയിൽ ഗൗരിയെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കൂടാതെ, ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍ ചോദിച്ചു. എന്നാൽ ഗൗരി പ്രതികരണവുമായി രംഗത്തെത്തിയതോടെ ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു സംവിധായകനും നടനും ശ്രമിച്ചത്.
വാർത്താസമ്മേളത്തിന്റെ വിഡിയോസ് പുറത്തുവന്നതോടെ ഗൗരിക്ക് പിന്തുണയുമായി ഗായിക ചിന്മയി അടക്കമുള്ളവർ രംഗത്ത് വന്നിരിക്കുകയാണ്. ജേർണലിസ്റ്റ് ധന്യ രാജേന്ദ്രനും, നടി റീബ ജോൺ, അനുമോൾ, നൈല ഉഷ, സാനിയ ഈയപ്പൻ, അഹാന കൃഷ്ണ സംവിധായിക ഇന്ദു അടക്കമുള്ള ഗൗരിക്ക് പിന്തുണ നൽകി രംഗത്തെത്തിയിട്ടുണ്ട്. മറുപടി കൃത്യവും വ്യക്തവുമായി നൽകിയ ഗൗരിയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ.
