മുംബൈ: അബദ്ധത്തിൽ കാലിന് വെടിയേറ്റ ബോളിവുഡ് നടൻ ഗോവിന്ദ ആശുപത്രിയിൽ നിന്ന് ആദ്യ സന്ദേശം പങ്കുവെച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെയാണ് തന്റെ റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഗോവിന്ദയുടെ കാലിന് വെടിയേൽക്കുന്നത്.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽനിന്ന് തന്റെ വക്താവ് വഴി അയച്ച വോയ്സ് ക്ലിപ്പിലാണ് താൻ സുഖമായിരിക്കുന്നുവെന്നും ആരാധകരുടെ പ്രാർത്ഥനക്കും അനുഗ്രഹത്തിനും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചത്. കൃത്യസമയത്ത് നൽകിയ സഹായത്തിനും പരിചരണത്തിനും ഡോക്ടർമാരോടും അദ്ദേഹം നന്ദി പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെ കൊൽക്കത്തയിൽ പരിപാടിക്ക് പോകുന്നതിന് മുമ്പ് ഗോവിന്ദ ലൈസൻസുള്ള തന്റെ തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം. നടൻ അലമാരയിൽ തോക്ക് തിരികെ വെക്കുന്നതിനിടെ കൈയിൽ നിന്ന് വഴുതി വീഴുകയും അബദ്ധത്തിൽ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു.
വെടിയുണ്ട കാൽമുട്ടിൽ പതിച്ച ഗോവിന്ദയെ മകൾ ടീനയും മറ്റു ജീവനക്കാരും ചേർന്ന് ജുഹുവിലെ ക്രിറ്റി കെയർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാർത്ത പുറത്തുവന്നയുടൻ താരം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.