‘പ്രിയദർശിനി’ മൂലം പ്രതിദിനം 3000 രൂപ നഷ്ടം’; വയനാട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് പ്രതിഷേധം

news image
Jun 29, 2026, 6:49 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി പ്രതിഷേധം. ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. പ്രിയദർശിനി സൗജന്യ യാത്രയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രിയദർശിനി സൗജന്യ യാത്ര മൂലം തങ്ങൾ പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ധർണ്ണയും സംഘടിപ്പിച്ചു.

പ്രിയദർശനി പദ്ധതി മൂലം പ്രതിദിനം 3000 രൂപ വരുമാനത്തിൽ കുറവെന്നാണ് ബസുടമകൾ പറയുന്നത്. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കാനും തീരുമാനമുണ്ട്. സർവീസ് നിർത്തി വെയ്ക്കാനായി 280 സ്വകാര്യ ബസുകളാണ് ജില്ലയിൽ ജി ഫോം നൽകിയത്.

കഴിഞ്ഞ ദിവസം കാസർകോട് ഇരുപതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിരുന്നു. ജൂലൈ ഒന്ന് മുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കുമെന്നാണ് വിവരം. അന്തർ സംസ്ഥാന ബസുകളിലുൾപ്പടെ യാത്രക്കാരില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. കോഴിക്കോട് നൂറിലധികം സർവീസുകൾ നിർത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. ഒരു ദിവസം ഒരു ബസിന് മാത്രം 4000 രൂപയോളം നുഷ്ടമെന്നാണ് ഇവർ പറയുന്നത്.

കാസർകോട് നിന്നുള്ള അന്തർ സംസ്ഥാന യാത്രകൾക്ക് അടക്കം കെഎസ്ആർടിസി ബസുകളെയാണ് ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്. കാസർകോട് എഴ് ബസ് റൂട്ടുകളോളം കർണാടകയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ റൂട്ടുകളിലൊന്നും സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ കയറുന്നില്ല. ഒരു ദിവസം 115 രൂപ മാത്രമാണ് സർക്കാരിൽ നിന്ന് കിട്ടുന്നതെന്നതും പ്രതിസന്ധിയാണ്.

തൊഴിലാളികൾക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് മേഖലയിലുള്ളതെന്നും ഇവർ പറയുന്നു. കാസർകോട് വെറും മൂന്ന് റൂട്ടുകളിൽ മാത്രമാണ് കെഎസ്ആർടിസി ബസുകൾ ഇല്ലാത്തത്. എന്നാൽ ഇതൊക്കെ പരമാവധി 15 -18 രൂപ പോയിന്റുകൾ മാത്രമാണെന്നതും പ്രതിസന്ധിയാണ്.

കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസുകളടക്കം നിർത്താനാണ് തീരുമാനം. ഒരു ദിവസം 4000 മുതൽ 6000 വരെയാണ് നഷ്ടം എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പ്രിയദർശിനി സൗജന്യ യാത്ര വന്ന പശ്ചാത്തലത്തിൽ സ്ത്രീകൾ കെഎസ്ആർടിസി ബസിൽ കയറുമ്പോൾ അവരോടൊപ്പമുള്ള പുരുഷൻമാരും അത്തരം ബസുകൾ തന്നെ ഉപയോഗിക്കുന്നതും സ്വകാര്യ ബസിൽ യാത്രക്കാർ കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ.

കോഴിക്കോടിന്റെ ഉൾപ്രദേശങ്ങളായ കുറ്റ്യാടി, കുന്ദമംഗലം, താമരശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി അടക്കമുള്ള പ്രദേശങ്ങളിൽ വലിയ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. ഇത്തരം മേഖലകളിലേക്കുള്ള സർവീസുകളെല്ലാം നിർത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. പകുതി സർവീസുകളോളം ഇപ്പോൾ തന്നെ നിർത്തിയിട്ടുണ്ട്. ബസ് ചാർജ് വർധന നടപ്പിലാക്കുകയോ വിദ്യാർത്ഥികളുടെ കൺസെഷൻ വർദ്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഇതിനോടകം ബസുടമകൾ നിവേദനം നൽകിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഒരു സമരത്തിലേക്ക് പോകാൻ ബസ് സംഘടനകൾ തീരുമാനിച്ചിട്ടില്ല. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നാണ് ബസുടമകൾ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe