കോഴിക്കോട് . പ്ലസ്ടു പരീക്ഷയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ തന്നെ തട്ടിക്കൊണ്ടുപോയെന്ന പെൺകുട്ടിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തും. ഇതിനായി കേസ് മലപ്പുറം പരപ്പനങ്ങാടി പൊലീസിനു കൈമാറി. സംഭവം നടന്നത് പരപ്പനങ്ങാടി പൊലീസ് പരിധിയിലായതിനാലാണ് വനിതാ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കൈമാറിയത്. കഴിഞ്ഞ ദിവസം ബീച്ചിൽ നിന്നു കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വീട്ടുകാർക്കു കൈമാറിയിരുന്നു.
വെള്ളിയാഴ്ച പ്ലസ് ടു പരീക്ഷ എഴുതാൻ ഇറങ്ങിയ തന്നെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി എന്നാണ് പെൺകുട്ടിയുടെ മൊഴി. ബേപ്പൂർ നടുവട്ടത്തിനടുത്തു നിന്നു താൻ കയറിയ ഓട്ടോയിൽ മറ്റു രണ്ടു പേർ കയറി തൻ്റെ വായ പൊത്തിയെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് കണ്ണു തുറന്നപ്പോൾ കാറിൽ ആണെന്നും മൊഴിയിലുണ്ട്. ബോധം വന്നപ്പോൾ കോഴിക്കോട് ബീച്ചിൽ എത്തിയതാണെന്നും പെൺകുട്ടി പറയുന്നു.
വനിതാ എസ്ഐ സി.എസ്. ശ്രീസിതയുടെ നേതൃത്വത്തിൽ കുട്ടിയെ ഗവ.ബീച്ച് ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഒന്നു മാത്രമേ എഴുതിയുള്ളൂ എന്നും കുട്ടി പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യാത്ര ചെയ്ത വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചില്ല.