പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി; പരീക്ഷപ്പേടിയെന്ന് നിഗമനം
തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് മരിച്ചത്. 17 വയസ്സായിരുന്നു. ഇന്ന് രാവിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് ദർശന്. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് രതീഷിന്റെ ഏക മകനായിരുന്ന ദർശൻ.
പരീക്ഷയെ ചൊല്ലി കുട്ടിക്ക് ആശങ്ക ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യം പറയുന്നതായി പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്.
അച്ഛനും അമ്മയും ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056 (ടോൾഫ്രീ), 0471-2552056)