പൗരത്വ ഭേദഗതി നിയമം തിടുക്കത്തിൽ നടപ്പാക്കാൻ കേന്ദ്രനീക്കം; ഓൺലെെൻ പോർട്ടൽ സജ്ജമാക്കും

news image
Oct 16, 2023, 10:49 am GMT+0000 payyolionline.in

ന്യൂഡൽഹി> ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നേയായി  പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. പൗരത്വ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമ  ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഓൺലെെൻ പോർട്ടൽ സജ്ജമാക്കാൻ ഒരുങ്ങുന്നത്.  പോർട്ടലിലൂടെ സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് ശ്രമിക്കുന്നത്.

പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള  5 സംസ്ഥാനങ്ങൾ എതിർത്തിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചിരുന്നു. ഇതോടെ തുടര്‍നീക്കങ്ങളില്‍ നിന്ന് പിന്നാക്കം പോയ കേന്ദ്രം തെരഞ്ഞെടുപ്പു മുന്നിൽകണ്ടാണ് വീണ്ടും പൗരത്വ ഭേദഗതി നിയമവുമായി വരുന്നത്.

2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ പൗരത്വ ഭേദഗതി നിയമം. മുസ്ലിങ്ങളെ അതിൽ പരിഗണിക്കില്ല.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe