പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ കടുത്ത വർഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വർഗീയ പ്രചാരണമാണ്. പരാജയ ഭീതി ബാധിച്ച സിപിഎം തീവ്ര വർഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പ്രചരണം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഷാഫി പറമ്പിലിന് എതിരെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വർഗീയത പറഞ്ഞും ജനങ്ങളിൽ വിദ്വേഷവും വളർത്തിയും തിരഞ്ഞെടുപ്പിൽ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിപിഎമ്മിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും എൽഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണ് ഈ വിഷപ്രചാരണം. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചാരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനൽ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
