ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച; ഇന്ത്യ പിന്മാറണമെന്നാവശ്യം

news image
Jan 31, 2026, 4:03 am GMT+0000 payyolionline.in

ദില്ലി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിലേക്ക്. ഫെബ്രുവരി 12ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പ്രതിഷേധ റാലികൾ സംഘടിപ്പിക്കും. കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്നാണ് ആവശ്യം. കരാർ രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാകും. പഴച്ചാറുകളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെ നികുതി രഹിത ഇറക്കുമതി വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയുവിന്റെ നേതൃത്വത്തിൽ രാജ്യത്തെ 3000 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കർണാടകയിൽ നടപ്പിലാക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

 

കേന്ദ്ര സർക്കാര്‍ നിലപാട്

ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ ലോകവ്യാപാരത്തിന്‍റെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ അവകാശപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്‍റെ പരിധിയിൽ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണർവ് നൽകും. ഇന്ത്യയിലെ ജ്വല്ലറി മുതൽ സ്പോർട്ട് സാമഗ്രികളുടെ നിർമ്മതാക്കൾക്ക് വരെ കരാർ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയൽ വിവരിച്ചു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങൾക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാർ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe