ഫെബ്രുവരി മുതൽ വൈദ്യുതി ചാര്‍ജ് കുറയുമെന്ന് കെഎസ്ഇബി; യൂണിറ്റിന് 9 പൈസ കുറയും

news image
Jan 31, 2025, 2:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്. എന്നാൽ കെഎസ്ഇബി സ്വമേധയ പിടിച്ചിരുന്ന യൂണിറ്റിന് 10 പൈസ സര്‍ചര്‍ജ് ഫെബ്രുവരിയിലും പിടിക്കും.

ഈ സര്‍ചാര്‍ജിന് പുറമെ  ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ 9 പൈസ സര്‍ചാര്‍ജായി വാങ്ങാനും വ്യവസ്ഥയുണ്ടായിരുന്നു.  നിലവിൽ 2024 ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.

എന്നാൽ, ഫെബ്രുവരി മുതല്‍ കെ എസ് ഇ ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.  2024  ഒക്റ്റോബര്‍ മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജ് കുറഞ്ഞതാണ് ഇതിന് കാരണമായി കെഎസ്ഇബി വിശദീകരിക്കുന്നത്. അതിനാൽ ഫെബ്രുവരി 2025 -ൽ 19 പൈസയിൽ നിന്ന് 10 പൈസയായി ഇന്ധന സർചാർജ് കുറയും. ഫലത്തിൽ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

അതേസമയം, യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe