നാദാപുരം: ഭീഷണിപ്പെടുത്തിയെന്ന കാരണത്താൽ ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കന്റെ മൊഴിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. വളയം സ്റ്റേഷനിലെ ബിജു എന്ന പൊലീസുകാരനെതിരെ ചെമ്മങ്ങാട് പൊലീസും വളയം പൊലീസുമാണ് കേസെടുത്തത്. കമ്പിളിപ്പാറയിലെ കെട്ടിനുള്ളിൽ കമ്പിളിപ്പാറ രാജൻ (61) ആഗസ്റ്റ് 25ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് രാജൻ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
രാജനും കരിയാട്ടെ സുരേഷ് എന്ന ആളും തമ്മിൽ ഭൂമി ഇടപാടുകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ ചെക്ക്, കരാർ രേഖകൾ എന്നിവ തിരിച്ചുനൽകാൻ രാജൻ തയാറാവാതിരുന്നതിനെ തുടർന്ന് പരാതിയുമായി സുരേഷ് വളയം പൊലീസിനെ സമീപിച്ചു. പരാതിയിൽ കേസെടുത്ത വളയം പൊലീസ് രാജനെ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്ത് സ്റ്റേഷനിലെത്തിയില്ലെങ്കിൽ വീട് റെയ്ഡ് ചെയ്ത് തൂക്കിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്ന് പി.ആർ.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് രാജൻ മജിസ്ട്രേറ്റിന് നൽകിയ മൊഴി. ഇതേ തുടർന്ന് ചെമ്മങ്ങാട് പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട്, വളയം പൊലീസും കേസെടുത്തു.
സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത് -പൊലീസ്
കോഴിക്കോട്: തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് രാജന്റേതെന്ന് വളയം പൊലീസ് പറഞ്ഞു. പരാതിയുടെ ഭാഗമായി രാജനോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇതിനായി 24 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ കാൾ ചെയ്തു. സ്വകാര്യ പണമിടപാട് കാര്യങ്ങൾ നടത്തുന്ന രാജൻ, ഇടപാടുകാരനിൽനിന്ന് വാങ്ങിയ രേഖകൾ തിരിച്ചുനൽകാത്തതിനെ തുടർന്ന് സുരേഷ് എന്നയാൾ നൽകിയ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് വിളിച്ചത്.
വിവരങ്ങൾ അന്വേഷിക്കാൻ പൊലീസ് വിളിക്കുമ്പോൾ ഭീഷണിയായി ചിത്രീകരിച്ച് പരാതി നൽകുന്നത് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിച്ചു. സ്വതന്ത്രമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ പൊലീസുകാരെ എത്തിച്ചതായും സ്റ്റേഷൻ ഇൻസ്പെക്ടർ മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ മാസം സർക്കാർ ഇറക്കിയ ഉത്തരവിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമ്പോൾ 175, 175 (4) എന്നീ വകുപ്പുകൾ കൃത്യമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ഓഫിസ് തലവൻ, മുകൾ തട്ടിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നടപടികൾ സ്വീകരിക്കാവൂവെന്നാണ് വ്യവസ്ഥ. ഈ കേസിൽ ഉത്തരവ് ലംഘിക്കപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.