ന്യൂഡൽഹി> കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫ്ലൈയിങ് കിസ് ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. ഫ്ളൈയിങ് കിസ് സ്മൃതി ഇറാനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി, എന്നാൽ, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് പ്രകാശ് രാജ് കുറിച്ചു.
മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ പാർലമെന്റിൽ പെരുമാറാൻ കഴിയൂ എന്നും രാഹുൽ മാന്യത കൈവിട്ടുവെന്നും വനിത ശിശുക്ഷമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കൃഷി സഹമന്ത്രി ശോഭ കരന്തലജെയും രാഹുലിന്റെ പെരുമാറ്റം മര്യാദവിട്ടുവെന്ന ആരോപണം ഉന്നയിച്ചു.
രാഹുൽ ഗാന്ധി സഭയിൽ ഫ്ളയിങ് കിസ് നൽകിയത് സ്ത്രീത്വത്തിന് അപമാനമായെന്ന് കാണിച്ച് കേന്ദ്രമന്ത്രിമാർ അടക്കം ബിജെപി വനിത എംപിമാർ ലോക്സഭ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.