ബംഗളൂരു: ബംഗളൂരുവില്‍നിന്ന് ധാര്‍വാഡിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ജൂൺ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്ഓഫ് ചെയ്യുമെന്ന് സൂചന. ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിവരുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശത്തിന് കാക്കുകയാണെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കര്‍ണാടകയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്.
ബംഗളൂരുവില്‍നിന്ന് ധാര്‍വാഡിലേക്ക് വന്ദേഭാരത് സര്‍വിസ് തുടങ്ങുന്നതോടെ യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും. നിലവില്‍ സാധാരണ തീവണ്ടികളില്‍ ധാര്വാഡിലെത്തണമെങ്കില് 10 മണിക്കൂര്‍ വേണം. വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ധാര്‍വാഡിലേയും സമീപപ്രദേശങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ബംഗളൂരുവിലെ യശ്വന്തപുരയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്ക് ദാവൺഗരെയില്മാത്രമായിരിക്കും സ്റ്റോപ്പുണ്ടാകുക. ചൊവ്വാഴ്ചകളില്‍ ഒഴികെ എല്ലാ ദിവസവും സര്‍വിസുകളുണ്ടാകും.നിലവില്‍ സര്‍വിസ് നടത്തുന്ന ചെന്നൈ-ബംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസിന് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെന്നൈയില്‍നിന്ന് ബംഗളൂരുവിലേക്ക് നാലരമണിക്കൂറും ബംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്ക് രണ്ടുമണിക്കൂറുമാണ് യാത്രാസമയം. ദക്ഷിണേന്ത്യയില്‍ ആദ്യമായി സര്‍വിസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസാണിത്.