ബംഗളൂരു: കർണാടകയിൽ കോവിഡ്-19 മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഞായറാഴ്ച ഔദ്യോഗിക വാർത്തക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ചയാണ് 85 വയസ്സുള്ള രോഗി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 108 പേർക്ക് കോവിഡ് പരിശോധന നടത്തിയതായും അഞ്ചുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചതായും അധികൃതർ പറഞ്ഞു. ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആകെ സജീവമായ കേസുകളുടെ എണ്ണം 38 ആയി.
ഇത്രയും സജീവ കേസുകളിൽ 32 എണ്ണവും ബംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ ആകെ 92 പേർ പരിശോധനക്ക് വിധേയരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. ബെള്ളാരി, ബംഗളൂരു റൂറൽ, മംഗളൂരു, വിജയനഗര ജില്ലകളിൽ ഓരോ സജീവ കേസുകൾ വീതവും മൈസൂരു ജില്ലയിൽ രണ്ട് സജീവ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുംബൈയിൽനിന്ന് തിരിച്ചെത്തിയ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ ഐസൊലേഷനിലാക്കി. ബെളഗാവിയിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം അവർ പുണെയിലേക്ക് യാത്ര ചെയ്തിരുന്നു. കോവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്നും സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുവരുകയാണെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.
ബംഗളൂരുവിൽ മരിച്ച 85കാരന് മറ്റു പല അസുഖങ്ങളുമുണ്ടായിരുന്നായും ഇത് സംബന്ധിച്ച വിശദമായ ഓഡിറ്റ് നടത്താൻ നിർദേശിച്ചതായും പറഞ്ഞ ആരോഗ്യ മന്ത്രി, വയോധികന്റെ മരണം കോവിഡ് ബാധയെത്തുടർന്ന് മാത്രമാണെന്ന് പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു വർഷമായി കിടപ്പിലായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റിവായിരുന്നു.
അദ്ദേഹത്തിന് ഇടുപ്പ് മാറ്റിവെച്ചിരുന്നു. ഹൃദയസംബന്ധമായ തകരാറുകളുണ്ടായിരുന്നു. ക്ഷയരോഗിയുമായിരുന്നു. അതിനാൽ, വ്യക്തമായ റിപ്പോർട്ട് തേടിയിട്ടുണ്ട് -മന്ത്രി പറഞ്ഞു. കർണാടകയിലുടനീളമുള്ള എട്ട് മെഡിക്കൽ കോളജുകളിൽ ഞായറാഴ്ച മുതൽ കോവിഡ് പരിശോധന ആരംഭിക്കണമെന്ന് ആരോഗ്യവകുപ്പ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചിട്ടുണ്ട്.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ കിറ്റുകൾ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എത്തും. സ്വകാര്യ ആശുപത്രികളിലായാലും സർക്കാർ ആശുപത്രികളിലായാലും രോഗ ലക്ഷണങ്ങളുള്ളവരെ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കണം. നാലഞ്ചു ദിവസത്തിനുള്ളിൽ സംസ്ഥാനത്തും രാജ്യത്തും കോവിഡ് സാഹചര്യം ഏതു രീതിയിലേക്ക് നീങ്ങുമെന്ന് പറയാനാവുമെന്നും മന്ത്രി പറഞ്ഞു.
സർക്കാറിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പ്രതിരോധ നടപടിയില്ലാതിരുന്നതാണ് കേസുകൾ വർധിക്കാനിടയാക്കിയതെന്ന ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരു തരത്തിലുള്ള അവഗണനയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘നമ്മൾ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിക്കേണ്ടതില്ല. ലോക്ക് ഡൗൺ നടപ്പാക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? ഒരുതരത്തിലും സർക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. നിലവിലെ കേസുകളുടെ എണ്ണം പരിഗണിച്ച് കേന്ദ്ര സർക്കാറിന്റെ മാനദണ്ഡ പ്രകാരമുള്ള നടപടികൾ ചെയ്യും’’ -അദ്ദേഹം പറഞ്ഞു.
ധാർവാഡ് ഉൾപ്പെടെയുള്ള പല ജില്ല ആശുപത്രികളും കോവിഡ് ബാധിതരുടെ ചികിത്സക്ക് മാത്രമായി 10 കിടക്കകളുള്ള ഐ.സി.യു വാർഡ് തുറന്നിട്ടുണ്ട്.