കൊൽക്കത്ത: പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം ആവർത്തിച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് നടന്ന 3317 ഗ്രാമപഞ്ചായത്തുകളിൽ 2609 ഇടത്തും തൃണമൂലിനാണ് ലീഡ്. 387 പഞ്ചായത്ത് സമിതികളിൽ 261 ഇടത്തും 22 ജില്ല പരിഷത്തിൽ 22 ഇടത്തും തൃണമൂൽ മുന്നേറുന്നതായാണ് റിപ്പോർട്ട്.
ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 70 ഇടത്ത് സി.പി.എമ്മും 66 ഇടത്ത് ബി.ജെ.പിയും 12 ഇടത്ത് കോൺഗ്രസും 58 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബംഗാളിലെ ത്രിതല പഞ്ചായത്തിലെ 73,887 സീറ്റിലേക്കാണ് വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നത്. 63,229 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലും 928 ജില്ല പരിഷത്ത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്.
തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബി.ജെ.പി എന്നീ പാർട്ടികളാണ് നേരിട്ട് ഏറ്റുമുട്ടിയത്. 2018ലെ തെരഞ്ഞെടുപ്പിൽ 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. 5.67 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 66.28 ശതമാനമായിരുന്നു പോളിങ്.