ബന്ദിപ്പുരിൽ കാട്ടാനയുടെ മുൻപിൽ സെൽഫി; ചവിട്ടേറ്റയാൾക്ക് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്

news image
Aug 13, 2025, 6:39 am GMT+0000 payyolionline.in

ബെംഗളൂരു: അപകടകരമായ രീതിയില്‍ കാട്ടാനയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആള്‍ക്ക് 25,000 രൂപ പിഴ. ബന്ദിപ്പുര്‍ കടുവ സങ്കേതത്തിനുസമീപം കഴിഞ്ഞ ദിവസമായിരുന്നു ബസവരാജു (50) റോഡിലേക്കിറങ്ങാന്‍ ഒരുങ്ങുന്ന ആനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ആന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു.ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസവരാജു റോഡില്‍ വീണു. ഓടിയെത്തിയ ആന ഇയാളുടെ അടുത്ത് എത്തിയതിനുശേഷം പെട്ടെന്ന് തിരിഞ്ഞുപോയതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് കേസെടുക്കുകയുംപിഴയീടാക്കാന്‍ ഉത്തരവിടുകയും ചെയ്തത്

ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്തായിരുന്നു സംഭവം. വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേർ റോഡിൽ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാൾക്കു പിന്നാലെ  ഓടുന്നതിനിടെ യുവാവ് റോഡിൽ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുകയായിരുന്നു.

വന്യജീവികളുടെ പ്രധാന ഇടനാഴിയും യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമായ ബന്ദിപ്പുരില്‍ ആനയുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്.
അവയില്‍ ചിലത് മരണത്തില്‍ കലാശിച്ചിട്ടുമുണ്ട്. ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണവും ഉണ്ടാവാറുണ്ട്. വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള
നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe