കെഎസ്ആർടിസി ഇനി സമ്പൂർണമായി ഹൈടെക്ക് ആകും. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇനി കൈവെള്ളയിൽ ഇരിക്കുന്ന ഫോണിൽ കൂടെ അറിയാൻ സാധിക്കും.
ബസിനുള്ളിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ അപ്പോൾ തന്നെ ബുക്ക് ചെയ്യാനും സാധിക്കും. ടിക്കറ്റ് എടുക്കാൻ പേഴ്സ് തപ്പണ്ട, യുപിഐയോ ഡെബിറ്റ് കാർഡോ ഉപയോഗിക്കാം. പരിചയമില്ലാത്ത സ്ഥലമാണ് ബസ് സ്റ്റോപിലേക്ക് നടന്നെത്താൻ എത്രസമയം എടുക്കും എന്ന കാര്യവും അറിയാൻ സാധിക്കും. റൂട്ടിൽ അടുത്തതായി വരുന്ന ബസിന്റെ വിവരവും തത്സമയം അറിയാം. ഇതൊക്കെ ഭാവനയിൽ നിന്ന് പറയുന്ന കാര്യങ്ങളായി തോന്നുന്നുണ്ടോ? എന്നാൽ അടുത്ത മാസം മുതൽ ഇത് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. കെഎസ്ആർടിസി മൊബൈൽ ആപ്പിലൂടെ.
കെഎസ്ആർടിസി മൊബൈൽ ആപ്പിന്റെ ലൈവ് ബസ് ട്രാക്കിങ് സംവിധാനത്തിന്റെ പ്രത്യേകതകാളാണ് മുകളിൽ പറഞ്ഞവയെല്ലാം. ലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ആപ്പിലുണ്ട്. കെഎസ്ആർടിസിയുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ മേയിൽ ഉദ്ഘാടനം ചെയ്യും.
ഇതുമാത്രമല്ല ഇനിയും ഉണ്ട് കെഎസ്ആർടിസിയിലെ മാറ്റങ്ങൾ.
ഇ ഫയലിങ് – കെഎസ്ആർടിസി ഡിപ്പോകളിൽ ഇ ഫയലിങ് സംവിധാനം നടപ്പിലാക്കും അതോടെ 93 ഡിപ്പോയുംഫയലുകൾ പേപ്പർലെസായി മാറും. ഇതിന് ആവശ്യമായ സംവിധാനം ഒരുക്കിയത് എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ്.
കാർഡ് പുറത്തിറക്കും – ടിക്കറ്റ് എടുക്കുക, മറ്റ് ഇടപാടുകൾക്ക് ഉപയുക്തമാക്കാൻ സാധിക്കുന്ന കാർഡ് അവതരിപ്പിക്കും. റീചാർജ് ചെയ്ത് ആവശ്യാനുസരണം ഇത് ഉപയോഗിക്കാൻ സാധിക്കും.
സ്മാർട്ട് കാർഡായി സ്റ്റുഡന്റ്സ് കൺസെഷൻ – സ്റ്റുഡന്റ്സ് കൺസെഷൻ കാർഡുകൾ ഇനി സ്മാർട്ട് കാർഡ് രൂപത്തിലാകും ലഭ്യമാകുക. ആപ്പ് വഴി കാർഡ് പുതുക്കാനും, കോഴ്സ് കഴിയുംവരെ ഉപയോഗിക്കാനും സാധിക്കും. ആവശ്യമായ കാലയളവിലേക്ക് മാത്രം റീചാർജ് ചെയ്താൽ മതിയാകും.
പ്രീപെയ്ഡ് ട്രാവൽകാർഡ് – റീചാർജ് ചെയ്യാം ഇഷ്ടംപോലെ യാത്ര ചെയ്യാം പ്രീപെയ്ഡ് ട്രാവൽകാർഡ് ഉപയോഗിച്ച്.
സിസിടിവി – എല്ലാ ബസുകളുടേയും മുൻ ഭാഗത്തും, പുറകിലും, ഉൾവശത്തും, ബസ്സ്റ്റേഷനുകളിലും സിസിടിവി കാമറ സ്ഥാപിക്കും.
ഡിജിറ്റൽ ഡിസ്പ്ലേ – പ്രധാന ബസ് സ്റ്റോപ്പുകൾ, ടെർമിനലുകൾ എന്നിവടങ്ങളിൽ വിവരങ്ങൾ അറിയാൻ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കും.