ബസ് സമയം അറിയാതെ ഇനി ബുദ്ധിമുട്ടേണ്ട; കോഴിക്കോട് ബസ് സ്റ്റാൻഡില്‍ പുതിയ സംവിധാനങ്ങൾ വരുന്നു

news image
Nov 21, 2025, 7:12 am GMT+0000 payyolionline.in

കോഴിക്കോട്: ബസിന്റെ സമയം അറിയാതെ ബുന്ധിമുട്ടേണ്ട ആവശ്യം ഇനി കോഴിക്കോട് ബസ്സ്റ്റാൻഡിൽ എത്തുന്നവർക്കുണ്ടാവില്ല. ബസുകളുടെ കൃത്യമായ വരവ്, പുറപ്പെടല്‍ സമയം ഉറപ്പാക്കുന്നതിനും യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇന്ന് മുതല്‍ മൊഫ്യൂസില്‍ ബസ് സ്റ്റാൻഡില്‍ അനൗണ്‍സ്‌മെന്റ് സിസ്റ്റം, ബസ് സ്റ്റാൻഡില്‍ എൽ ഇ ഡി സ്‌ക്രീന്‍, സ്റ്റോപ്പുകളില്‍ ക്യു.ആർ കോഡ്, ഉള്‍പ്പെടെയുള്ള യാത്രാ വിവര കേന്ദ്രം സ്ഥാപിക്കുന്നു.

 

ബസ്’ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുക. നടക്കാവ്, എല്‍.ഐ.സി, ക്രിസ്ത്യൻ കോളേജ് എന്നിവയുള്‍പ്പെടെ 100 സ്റ്റോപ്പുകളില്‍ യാത്രക്കാർക്ക് ബസ് സമയം സ്കാൻ ചെയ്ത് പരിശോധിക്കാൻ കഴിയുന്ന ക്യു.ആർ കോഡ് സംവിധാനവും സ്ഥാപിക്കും.

ബസ് സൊലൂഷന്‍ കമ്പനിയും ബസ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് പദ്ധതിയുടെ മെന്‍ഡര്‍കൂടിയായ സിറ്റി ട്രാഫിക് റിട്ട. എസ് ഐ മനോജ് ബാബു പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിക്കുന്ന വലിയ ഡിസ്പ്ലേ ബോര്‍ഡിലാണ് ബസുകള്‍ വന്നുപോകുന്ന സമയം, റൂട്ട് എന്നിവ കൃത്യമായി രേഖപ്പെടുത്തുക.

പുതിയ സ്റ്റാന്‍ഡിലെ ബസ് ഓണേഴ്സ് ഓഫീസിലാണ് അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എല്ലാ റൂട്ടുകളിലും ട്രിപ്പ് പ്ലാനറുകളും സ്ഥാപിക്കും. കെ.എസ്‌.ആര്‍.ടി.സി, മെട്രോ ഉള്‍പ്പെടെയുള്ള യാത്രാസംവിധാനങ്ങളുമായും പുതിയസംവിധാനത്തെ ബന്ധിപ്പിക്കും. കെ.എസ്‌.ആര്‍.ടി.സി.യില്‍ നിലവില്‍ മൂന്നു ഡിസ്പ്ലേ ബോര്‍ഡുകളുണ്ട്. അവയെയും ഈ സംവിധാനവുമായി ബന്ധിപ്പിക്കും.

ഇന്ന് വൈകുന്നേരം 5.30-ന് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങു കളക്ടര്‍ സ്‌നേഹില്‍കുമാര്‍സിങ് ഉദ്ഘാടനംചെയ്യും. സ്ത്രീകളുടെയും കുട്ടികളുടെയും യാത്രാസുരക്ഷ ഉറപ്പിക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. എന്തെങ്കിലും അത്യാഹിതമുണ്ടാകുകയാണെങ്കില്‍ ബസ്ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച വിവരം നല്‍കാനും തീപ്പിടിത്തംപോലുള്ള ദുരന്തങ്ങളോ പെട്ടെന്നുള്ള വിഐപികളുടെ സന്ദര്‍ശനമോ ഉണ്ടായാല്‍ ഡ്രൈവര്‍മാര്‍ക്ക് ഉടന്‍ വിവരം നല്‍കാനും ആവശ്യമെങ്കില്‍ ബസുകള്‍ മറ്റുറൂട്ടുകളില്‍ തിരിച്ചുവിടാനും സംവിധാനമുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe