കൈയിൽ കാശുമായി നടക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്. എല്ലാവരും ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്നിരിക്കുന്നു. എന്നാൽ ഇന്നും ആ പടി കടക്കാത്തവരായി ആളുകളുണ്ട്. എന്നാൽ ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തവര്‍ക്കും ഇനി മുതൽ യുപിഐ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് ഭീം പേയ്മെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന് അവതരിപ്പിച്ചു.
ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ യുപിഐ ഇടപാടുകള്‍ നടത്താന്‍ മറ്റൊരാളെ ചുമതലപ്പെടുത്താനുള്ള സംവിധാനം ആണിത്. ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രതിമാസ ചെലവ് പരിധിക്കുള്ളില്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ സാധിക്കും.
കുട്ടികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി ചെറിയ തുക നല്കാന് മാതാപിതാക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. പ്രതിമാസം 15,000 രൂപയാണ് ഇടപാട് പരിധി. 5 വര്‍ഷംവരെ കാലാവധിയും നിശ്ചയിക്കാം. പ്രതിമാസ പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് ജീവനക്കാര്‍ക്ക് ഇന്ധനം, ടോള്‍ പോലുള്ള പ്രവര്‍ത്തന ചെലവുകള്‍ക്കായി പണം നല്കാന് അധികാരപ്പെടുത്താം.
എങ്ങനെ ഉപയോഗിക്കാം?
- ഭീം പേയ്മെന്റ്സ് ആപ്പ് തുറന്ന് ഹോം സ്ക്രീനിലെ ‘യുപിഐ സര്‍ക്കിള്‍’ വിഭാഗത്തിലേക്ക് പോകുക.
- ‘സര്‍ക്കിളിലേക്ക് ക്ഷണിക്കുക’ (Invite to circle) എന്നതില്‍ ക്ലിക്ക് ചെയ്ത് ദ്വിതീയ ഉപയോക്താവിന്റെ കോണ്ടാക്റ്റ് നമ്പര്‍ നല്‍കുക.
- അവരുടെ യുപിഐ ഐഡി നല്‍കുകയോ അല്ലെങ്കില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുകയോ ചെയ്യുക.
- ‘പ്രതിമാസ പരിധി അംഗീകരിക്കുക’ (Approve a Monthly Limit – Full Delegation) എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
- ദ്വിതീയ ഉപയോക്താവുമായുള്ള ബന്ധം (ഉദാഹരണത്തിന്, കുട്ടി, പങ്കാളി, ജീവനക്കാരന്) തെരഞ്ഞെടുത്ത് ആധാര്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റ് രേഖകള്‍ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കുക.
- പ്രതിമാസ ചെലവ് പരിധി (പരമാവധി 15,000 രൂപ)യും കാലാവധിയും (കുറഞ്ഞത് 1 മാസം, പരമാവധി 5 വര്‍ഷം) സജ്ജമാക്കുക.
- ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് യുപിഐ പിന് ഉപയോഗിച്ച് ഡെലിഗേഷന് പൂര്‍ത്തിയാക്കുക.
- ദ്വിതീയ ഉപയോക്താവ് അഭ്യര്‍ത്ഥന സ്വീകരിച്ചുകഴിഞ്ഞാല്‍ ചെറിയ സമയത്തിനു ശേഷം ഇടപാടുകള്‍ നടത്താം.
