ബാങ്ക് പണിമുടക്ക്: രാജ്യത്ത് അടുത്ത ആഴ്ച തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

news image
Sep 23, 2026, 7:09 am GMT+0000 payyolionline.in

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതോടെ അടുത്ത ആഴ്ച തുടർച്ചയായി അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. സെപ്റ്റംബർ 28 തിങ്കളാഴ്ച മുതൽ 30 ബുധനാഴ്ച വരെയാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. തൊട്ടുമുമ്പുള്ള ദിവസങ്ങളായ സെപ്റ്റംബർ 26 (നാലാം ശനി), 27 (ഞായർ) എന്നീ പൊതുഅവധി ദിനങ്ങൾകൂടി എത്തുന്നതോടെയാണ് ബാങ്കുകൾ തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കുക.

അർധവാർഷിക കണക്കെടുപ്പ് ദിനമായ സെപ്റ്റംബർ 30-ന് നടക്കുന്ന പണിമുടക്ക് സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ട്രഷറി പ്രവർത്തനങ്ങൾ, വായ്പാ രേഖകളുടെ കൈമാറ്റം, ചെക്ക് ക്ലിയറിങ്, ഉയർന്ന മൂല്യമുള്ള ആർ.ടി.ജി.എസ്. ഇടപാടുകൾ തുടങ്ങിയ നേരിട്ടുള്ള ബാങ്കിങ് സേവനങ്ങൾ ഈ ദിവസങ്ങളിൽ പൂർണ്ണമായും തടസ്സപ്പെടും.

എന്നാൽ, ബ്രാഞ്ചുകളിലെ സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് ആപ്പുകൾ, യു.പി.ഐ., എ.ടി.എം. സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അറിയിച്ചു. എ.ടി.എമ്മുകളിൽ പണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും, പണം പെട്ടെന്ന് തീരാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe