തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ചെയ്ത ചിത്രത്തിൽ വിശദീകരണവുമായി ശശി തരൂർ. സിയാവർ രാമചന്ദ്ര കീ ജയ് എന്നാണ് എഴുതിയതെന്നും സീതയുടെ ഭർത്താവ് രാമനെ ജയ് വിളിക്കുന്നു എന്നാണ് അതിനർത്ഥമെന്നും തരൂർ പ്രതികരിച്ചു. ജയ് ശ്രീറാം എന്ന് പറഞ്ഞില്ല, കാരണം ജയ് ശ്രീറാം എന്നത് ഒരു മുദ്രാവാക്യമായി ചിലർ മാറ്റിക്കഴിഞ്ഞുവെന്നും തരൂർ വ്യക്തമാക്കി.
തിരുവന്തപുരം ലോ കോളജിൽ കെ.എസ്.യു പരിപാടിക്കെത്തിയപ്പോഴാണ് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാമനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ തയാറല്ല. എല്ലാ രാമ ഭക്തരും ബി.ജെ.പിയല്ല. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം -തരൂർ പറഞ്ഞു.
അതേസമയം, തിരുവന്തപുരം ലോ കോളജിൽ തരൂരിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്കുലർ അല്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണ്. ഒരു ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടെങ്കിൽ പ്രാർത്ഥിക്കാനാണ്, രാഷ്ട്രീയ കാര്യങ്ങൾക്കല്ല -തരൂർ പറഞ്ഞു.