2030ഓടെ ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണം അവസാനിപ്പിക്കാനൊരുങ്ങി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ). ബിബിസി സിഇഒ ടിം ഡേവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിബിസി ന്യൂസ് അടക്കമുള്ള ജനപ്രിയ ചാനലുകളുടെ ടെലിവിഷൻ സംപ്രേഷണം അവസാനിപ്പിക്കുകയാണെന്നും പൂര്‍ണമായും ചാനല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. മാധ്യമരംഗത്ത് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥാപനം കൂടിയാണ് ബിബിസി.
തങ്ങളുടെ ചാനലുകൾ ഓൺലൈനായി മാത്രമായി മാറുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഇനി ഉപയോഗിക്കില്ലെന്നുമാണ് ബിബിസി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 8 മുതൽ ബിബിസി ചാനലുകള്‍ സ്റ്റാൻഡേർഡ് ഡെഫനിഷനില് നിന്നും (എസ്ഡി) നിന്ന് ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം കൂടി എത്തുന്നത്.
ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922ലാണ് സ്ഥാപിതമായത്. 1927ലെ പുതുവത്സര ദിനത്തിലാണ് ഇത് ബിബിസി എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. പ്രശസ്തിയും ജീവനക്കാരുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ ഒരു പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസിക്ക് ലോകമെമ്പാടും 21,000 ൽ അധികം ജീവനക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
1922ൽ രൂപീകൃതമായതിനുശേഷം, ബ്രിട്ടീഷ് സംസ്കാരത്തിലടക്കം ബിബിസിക്ക് ഒരു പ്രധാനപങ്കുണ്ട്. 1923ൽ ബിബിസി ആദ്യത്തെ പ്രക്ഷേപണ ലിസ്റ്റിംഗ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചിരുന്നു. 1988-ൽ പുറത്തിറങ്ങിയ ക്രിസ്മസ് പതിപ്പ് 11 ദശലക്ഷം കോപ്പികൾ ആണ് വിറ്റഴിക്കപ്പെട്ടത്. ഇതോടെ ബ്രിട്ടീഷ് മാഗസിൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പതിപ്പായി ഇത് മാറിയിരുന്നു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ബിബിസി പ്രവർത്തിക്കുന്നത്.