നേരത്തേ പദ്ധതിയിട്ട യാത്ര അപ്രതീക്ഷിതമായി മറ്റൊരു തീയതിയിലേക്ക് മാറിയേക്കാം. ഇത് ട്രെയിൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയായിരുന്നു. കാരണം, നിലവിലുള്ളത് ക്യാൻസൽ ചെയ്ത് പുതിയ ടിക്കറ്റ് എടുക്കണം. ക്യാൻസലേഷന് നിരക്ക് ഈടാക്കും. അതിനാൽ അധിക സാമ്പത്തിക ഭാരം യാത്രക്കാർക്കുണ്ടാകും. എന്നാൽ, ഈ പ്രതിസന്ധിക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയിൽവേ.
ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓണ്‍ലൈനായി മാറ്റാവുന്ന സംവിധാനമാണ് റെയിൽവേ ഒരുക്കുന്നത്. ജനുവരി മുതല്‍ ഇത് പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ദേശീയ മാധ്യമത്തിനോട് പറഞ്ഞതാണിത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.