തിരുവനന്തപുരം: ബെവ്കൊ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ ‘ഓപ്പറേഷൻ മൂൺലൈറ്റ്’. ഇന്ന് വൈകീട്ട് (ശനിയാഴ്ച) 6.30 മണി മുതലാണ് ‘ഓപ്പറേഷൻ മൂൺലൈറ്റ്’ എന്ന പേരിൽ തിരഞ്ഞെടുത്ത ബെബ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന തുടങ്ങിയത്.
തിരുവനന്തപുരം 11, എറണാകുളം-10, കോഴിക്കോട് -ആറ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ച് വീതവും തൃശ്ശൂർ, പാലക്കാട്, വയനാട്, കാസർകോർഡ് എന്നീ ജില്ലകളിലെ നാല് വീതവും ഉൾപ്പെടെ ആകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്.
സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ കീഴിലുള്ള ബെബ്കോ ഔട്ട് ലെറ്റുകളിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽ നിന്നും യഥാർഥ വിലയേക്കാൾ കൂടുതൽ വില ചില ഉദ്യോഗസ്ഥർ ഈടാക്കുന്നതായിൽ രഹസ്യ വിവരം ലഭിച്ചിരുന്നു. അതുപോലെ കുറഞ്ഞ വിലയിലുള്ള മദ്യം സ്റ്റോക്കുണ്ടെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വില കൂടിയ മദ്യം അടിച്ചേൽപ്പിക്കുന്നതായും പ്രത്യുപകാരമായി ഈ മദ്യകമ്പനികളുടെ ഏജന്റുമാരിൽ നിന്നും കൈക്കൂലിയായി കമീഷൻ ചില ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായും, ഓരോ ദിവസത്തെയും മദ്യത്തിന്റെ സ്റ്റോക്കും, വിലവിവരവും, ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ പല ഔട്ട് ലെറ്റുകളിലും പാലിക്കാറില്ലെന്നും പരാതിയുണ്ട്.
ചില ഔട്ട് ലെറ്റുകളിൽ ബില്ല് നൽകാതെ അന്യസംസ്ഥാനക്കാരായ ഉപഭോക്താക്കൾക്ക് മദ്യം വിൽക്കുന്നതായും, ഡാമേജ് വരാതെ തന്നെ ചില ഔട്ട് ലെറ്റുകളിൽ ഡാമേജ് ഇനത്തിൽ കാണിച്ച് ബില്ല് നൽകാതെ വിറ്റഴിച്ച് ഉദ്യോഗസ്ഥർ പണം വീതിച്ചെടുക്കുന്നതായും, മദ്യക്കുപ്പി പൊതിഞ്ഞ് നൽകുന്നതിനുള്ള കടലാസ് പല ഉദ്യോഗസ്ഥരും വാങ്ങാതെ വാങ്ങിയതായി കാണിച്ച് പണം തിരിമറി നടത്തുന്നതായും വിജിലൻസിന് വിവരം ലഭിച്ചു. ചില ഔട്ടലെറ്റുകളിൽ ഉപഭോക്താക്കൾക്ക് മദ്യം പൊതിയാതെ നൽകുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവ പരിശോധിക്കുന്നതിനാണ് പരിശോധന തടുങ്ങിയത്.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലും പൊലീസ് സൂപ്രണ്ട് (ഇന്റ്) ചുമതല വഹിക്കുന്ന റജി ജേക്കബ്ബിന്റെ നേതൃത്വത്തിലും നടക്കുന്ന മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂനിറ്റുകളും പങ്കെടുക്കുന്നു.