കൊച്ചി: ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം നാടുവിട്ട പ്രതി ഒരു വർഷത്തിനുശേഷം പിടിയിലായി. ഉത്തരാഖണ്ഡ് സ്വദേശി ഫാറൂഖ് അലിയാണ് (26) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
2022 ഡിസംബർ മൂന്നിനായിരുന്നു സംഭവം. കലൂർ ആസാദ് റോഡിൽ െവച്ച് ബൈക്കിലെത്തിയ പ്രതി പശ്ചിമബംഗാൾ സ്വദേശിനി സന്ധ്യയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിനുനേരെ വന്ന വെട്ട് യുവതി കൈകൊണ്ട് തടുക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇവരെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവശേഷം നാട് വിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്. പ്രതിയുമായി അടുപ്പമുണ്ടായിരുന്ന യുവതിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന സംശയമാണ് കൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.