തിരുവനന്തപുരം: ബ്രാന്റിംഗ് ഇല്ലാതെ പണം നൽകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചതോടെ സംസ്ഥാനത്ത് അഞ്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിൽ. ഇതേ ആവശ്യം ഉന്നയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും കെ ഫോണിനും മൂലധന ചെലവിനത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതവും കേന്ദ്രം നൽകിയിട്ടില്ല. വിവിധ പദ്ധതികൾക്കും ഗ്രാന്റ് ഇനത്തിലും 5632 കോടിയുടെ കുടിശികയാണ് സംസ്ഥാനത്തിന് കിട്ടാനുള്ളത്. ലൈഫ് വീടിന് കേന്ദ്രം നൽകുന്നത് 75000 രൂപയാണ്. മൂലധന ചെലവിൽ 1925 കോടി കുടിശികയുണ്ട്.
പേരിന് പണം തരും, എന്നിട്ട് പേരെഴുതി വയ്ക്കണമെന്ന് പറയും. കേന്ദ്രത്തിന്റെ ഈ നയം അഭിമാന പദ്ധതിയായ ലൈഫിന് വരെ നിലവിൽ പ്രതിസന്ധിയാണെന്നാണ് സംസ്ഥാന സര്‍ക്കാർ വിശദീകരിക്കുന്നത്. നാല് ലക്ഷം രൂപ ചെലവിൽ പണിയുന്ന ലൈഫ് വീട് ഒന്നിന് 75000 രൂപയാണ് കേന്ദ്ര വിഹിതം. പക്ഷെ പ്രധാൻമന്ത്രി ആവാസ് യോജന വഴി നിര്‍മ്മിക്കുന്ന വീടുകൾക്ക് മൂന്നിരട്ടിയോളം തുക സംസ്ഥാനം ചെലവാക്കുന്നുണ്ട്. എന്നിട്ടും കേന്ദ്ര പദ്ധതിയെന്ന് ബോര്‍ഡെഴുതണമെന്നാണ് നിബന്ധന.