ശബരിമല : ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ദേഹശുദ്ധി വരുത്തുന്നതിനായി പുതിയ കുളം നിർമിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. സന്നിധാനത്ത് കൊപ്ര കളത്തിന്റെ മേൽത്തട്ടിൽ ശബരി ഗസ്റ്റ് ഹൗസിന് സമീപം കൽമണ്ഡപം നിലനിൽക്കുന്ന സ്ഥലത്താണ് പുതിയ കുളം നിർമിക്കുക.
ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലവിലുള്ള ഭസ്മക്കുളത്തിലേക്ക് പോകുന്നതിനായി ഭക്തർക്ക് നൂറിലേറെ പടിക്കെട്ടുകൾ താണ്ടണം. ഇത് പ്രായമുള്ള തീർത്ഥാടകർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഭസ്മ കുളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സീവേജ് പ്ലാൻറ് അടക്കമുള്ളവ കുളത്തിന്റെ പരിസരം മലിനപ്പെടുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭസ്മക്കുളം നിലനിർത്തിക്കൊണ്ട് തന്നെ പുതിയ കുളത്തിന്റെ നിർമാണം സംബന്ധിച്ച് ബോർഡ് ഗൗരവമായി ആലോചിക്കുന്നത്.
കുംഭം രാശിയിലോ മീനം രാശിയിലോ കുളം നിർമിക്കുന്നത് അഭികാമ്യമെന്ന് തന്ത്രിയും ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും നിർമാണം.
കുടിവെള്ള സമാനമായ ശുദ്ധജലം ഉപയോഗിച്ച് ഭസ്മക്കുളത്തിന്റെ അതേ വലിപ്പത്തിൽ കുളം നിർമിച്ച് നൽകുവാൻ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ദേവസ്വം ബോർഡിനെ താൽപര്യം അറിയിച്ചിട്ടുണ്ട്. ബോർഡിനെ സംബന്ധിച്ചിടത്തോളം പുതിയ കുളം നിർമിക്കുന്നതിനായി അധിക സാമ്പത്തിക ബാധ്യത വേണ്ടിവരുന്നില്ല എന്നതും അനുകൂല ഘടകമാണ്.
അതേസമയം, പദ്ധതിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും തടസവാദം ഉയർന്നിട്ടുണ്ട്. പക്ഷേ ഹൈപവർ കമ്മിറ്റി അംഗീകരിച്ച പദ്ധതിക്ക് എതിരെയുള്ള പൊലീസിന്റെ വാദം അനാവശ്യമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതികരിച്ചു.