ഭാരത് അരി പൊതുവിപണിയിൽ ഇറക്കാൻ കേന്ദ്രം; വിലക്കയറ്റം തടയൽ ലക്ഷ്യം, പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

news image
Dec 29, 2023, 4:19 am GMT+0000 payyolionline.in

ദില്ലി: ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് നീക്കം. ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കുറഞ്ഞ വിലയില്‍ അരി വിപണിയിലിറക്കാനാണ് ആലോചന. ഭാരത് അരി എന്ന പേരില്‍ അരി ലഭ്യമാക്കുന്നത് വിലക്കയറ്റം നേരിടുക ലക്ഷ്യമിട്ടാണ്. 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളിൽ എത്തിക്കും. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരിക്കാണ് ഭാരത് അരി എന്ന ബ്രാന്റിങ് നൽകുക.

നിലവില്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതേ മാതൃകയിലാകും ഭാരത് അരിയും ലഭ്യമാക്കുക. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകള്‍ വഴി അരി വിതരണം നടത്തും. പ്രയോജനകരമാകുന്ന രീതിയില്‍ അരിയും ആട്ടയും പരിപ്പുമെല്ലാം ലഭ്യമാക്കാൻ കഴിയുമോയെന്നത് വെല്ലുവിളിയാണ്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ മുഖ്യ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള വഴി കൂടെയാണ് ഭാരത് അരി പ്രഖ്യാപനത്തിലൂടെ കേന്ദ്രം തേടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe