ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകർത്തി

news image
Aug 19, 2026, 3:18 am GMT+0000 payyolionline.in

കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നാലു വയസ്സുകാരി മകളുടെ ദൃശ്യങ്ങളും പകർത്തി എന്നാണ് പരാതിക്കാരി നൽകിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭർത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ പരാതിക്കാരി ഭർത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹർജി നൽകി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പറയുന്നു. ഭർത്താവിന് പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞിരുന്നത്. പൊലീസിന് നൽകിയ പരാതിയിലാണ് കൂടുതൽ വിവരങ്ങളുള്ളത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മകളുടെ മുന്നിൽവെച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നു. ഇതോടെ വീട്ടുകാരോട് കാര്യം പറഞ്ഞതിൽ പ്രകോപിതനായി യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോൽകൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിദേശത്ത് കഴിയവെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ പകർത്തിയത്. കൗൺസിലിംഗ് നൽകുകയെന്ന ഉദ്ദേശത്തിലാണ് ഭർത്താവിനെ നാട്ടിലേക്ക് കൊണ്ടുവന്നതെന്നും എന്നാൽ കൗൺസിലിംഗിന് നിർബന്ധിച്ചപ്പോഴും മർദ്ദിച്ചെന്നും യുവതി പറയുന്നു. ഭർത്താവിന് പങ്കാളിയെ പങ്കുവെയ്ക്കൽ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പൊലീസ് പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe