മകനെ കൊന്ന ടെക് കമ്പനി സിഇഒയുടെ ഭർത്താവ് മലയാളി; കൊലപാതകം ആഴ്ചയിലൊരിക്കൽ അച്ഛനൊപ്പം അയയ്ക്കുന്നത് തടയാൻ

news image
Jan 10, 2024, 2:41 am GMT+0000 payyolionline.in

ബെംഗളൂരു ∙ സ്റ്റാർട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ ക്രൂരമായി കൊന്ന സംഭവത്തിൽ കേരള ബന്ധവും. പ്രതി സുചന സേത്തിന്റെ (39) ഭർത്താവ് മലയാളിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഭർത്താവിൽനിന്നു വേർപിരിഞ്ഞു താമസിക്കുന്ന സുചന, വിവാഹ മോചന നടപടികൾക്കിടെയാണു കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള വെങ്കട്ട് രാമനാണു സുചനയുടെ ഭർത്താവ്. ഇരുവരും 2020 മുതൽ വേർപിരിഞ്ഞു താമസിക്കുകയാണ്.

സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം ഇന്തൊനീഷ്യയിലായിരുന്നു. മകനെ ഭാര്യ കൊലപ്പെടുത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് വെങ്കട് ഇന്ത്യയിലെത്തി. വൈകുന്നേരത്തോടെ ചിത്രദുര്‍ഗയിലെത്തിയ വെങ്കട് മകന്‍റെ പോസ്റ്റ്മോർട്ടത്തിനുളള അനുമതി നൽകിയതായി പൊലീസ് അറിയിച്ചു. വിവാഹ മോചനക്കേസ് നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ കുട്ടിയെ അച്ഛനൊപ്പം അയയ്ക്കാനുള്ള കോടതി നിർദേശം . ഇതിൽ അസ്വസ്ഥയായ സുചന, ഇത് പാലിക്കാതിരിക്കാനാണ് മകനെ ഗോവയിലെ ഹോട്ടൽ മുറിയിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയതായി സൂചനയുണ്ട്.

 

മൃതദേഹം ബാഗിലാക്കി ഗോവയിൽനിന്നു ബെംഗളൂരുവിലേക്കു ടാക്സിയിൽ പുറപ്പെട്ട ഇവരെ പൊലീസ് കർണാടകയിലെ ചിത്രദുർഗയിൽ നിന്നാണു പിടികൂടിയത്. ഹോട്ടലിലെയും സമീപങ്ങളിലെയും സുരക്ഷാ ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് സംഘം ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുകയാണ്. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു.

ബംഗാൾ സ്വദേശിയായ സുചന ഭർത്താവുമായുള്ള ബന്ധത്തിൽ തൃപ്തയായിരുന്നില്ലെന്നാണു പൊലീസ് ഭാഷ്യം. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങൾക്കു ശേഷം 2019ലാണു മകൻ ജനിച്ചത്. ഇതിനു പിന്നാലെ ദമ്പതികൾക്കിടയിൽ അസ്വാരസ്യം കൂടിയെന്നും 2020ൽ വിവാഹമോചനത്തിനു ശ്രമം ആരംഭിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ താമസിക്കുന്ന സുചന ഇവിടുത്തെ വിലാസം നൽകിയാണു ശനിയാഴ്ച നോര്‍ത്ത് ഗോവയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോൾ ബെംഗളൂരുവിലേക്കു ടാക്സി വേണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തില്‍ പോകുന്നതായിരിക്കും സൗകര്യമെന്നു ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. യുവതി പോയ ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ജീവനക്കാർ രക്തക്കറ കണ്ടു. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍നിന്നു പുറത്തിറങ്ങുന്ന യുവതിക്കൊപ്പം മകനില്ലെന്നു വ്യക്തമായി. ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറുടെ ഫോണിലേക്കു വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള സുഹൃത്തിന്റെ അടുത്താക്കിയെന്നു യുവതി പറഞ്ഞു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കി. അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസ്സിലാവാതിരിക്കാന്‍ കൊങ്കണി ഭാഷയിലാണു സംസാരിച്ചത്.

 

വാഹനം എവിടെ എത്തിയെന്നു ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്നു മറുപടി പറഞ്ഞു. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയുംകൊണ്ട് എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ചു ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല സ്റ്റേഷനിലേക്കു വാഹനം എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണു വാഹനത്തിലെ ബാഗിനുള്ളില്‍ നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

നിർ‌മിത ബുദ്ധിയുടെ പുതിയ സാധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ദ് മൈൻഡ്ഫുൾ എഐ ലാബ്’ എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണു സുചന. നാലു വർഷമായി കമ്പനിയെ നയിക്കുന്നു. ഭൗതികശാസ്ത്രത്തിൽ (പ്ലാസ്മ ഫിസിക്സ് വിത്ത് ആസ്ട്രോ ഫിസിക്സ്) ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽനിന്ന് സംസ്കൃതത്തിൽ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായിട്ടുള്ളയാളാണു സുചനയെന്നു പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe