ആലപ്പുഴ: മണിപ്പുർ കലാപത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാർലമെന്റിൽ മറുപടി പറയേണ്ടിവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മണിപ്പുരിലെ വംശീയകലാപത്തിനു പിന്നിൽ ആർഎസ്എസും കോർപറേറ്റുകളുമാണ്. എൽഡിഎഫ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് മണിപ്പുർ പ്രതിരോധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മണിപ്പുർ വംശഹത്യയിൽ നൽകിയ അവിശ്വാസപ്രമേയ നോട്ടീസിൽ പതിവുപോലെ മൗനം തുടരാൻ മോദിക്ക് കഴിയില്ല. മണിപ്പുർ കലാപദൃശ്യം പുറത്തുവന്നതിനെ തുടർന്ന് മുതലക്കണ്ണീർ ഒഴുക്കുകയാണ് മോദി ചെയ്തത്. ഗുജറാത്തും മണിപ്പുരും രാജ്യം മുഴുവൻ വ്യാപിപ്പിക്കാനുള്ള വിത്താണ് ഏക സിവിൽകോഡ്. ഇനിയും മറ്റു പലയിടങ്ങളിലും വർഗീയകലാപവും വംശഹത്യകളും അരങ്ങേറും. ഇന്ത്യൻ സമൂഹം ജനാധിപത്യവൽക്കരിക്കാത്തതാണ് ഈ വർഗീയതയ്ക്ക് ഇടം ലഭിക്കുന്നതിന് കാരണം. നമ്മുടെ രാജ്യത്തെ ഹിന്ദുത്വരാഷ്ട്രം ആക്കാനുള്ള വിത്താണ് ഏക സിവിൽകോഡ്. ഈ വിഷയത്തിൽ കോൺഗ്രസിന് ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഏക സിവിൽകോഡ് സ്ത്രീസമത്വമാണ് ലക്ഷ്യമിടുന്നതെന്ന് പറയുന്ന ആർഎസ്എസ് മണിപ്പുരിലെ സ്ത്രീകളോട് ചെയ്തത് ലോകമെങ്ങും ഞെട്ടലോടെയാണ് കണ്ടത്. ലോകത്തെവിടെയും ഫാസിസ്റ്റ് ആക്രമണം ആദ്യം ഉണ്ടായിട്ടുള്ളത് സ്ത്രീകൾക്കു നേരെയാണ്. ഏക സിവിൽകോഡിനെതിരായ നിലപാടുള്ള മുഴുവൻ ആളുകളെയും സംഘടനകളെയും ചേർത്ത് ജനകീയപ്രതിരോധം തീർക്കുകയാണ് സിപിഐ എം. ഏകസിവിൽ കോഡിനെ എതിർക്കുമെന്ന് കോൺഗ്രസ് പറഞ്ഞാൽ അവരെയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.