ന്യൂഡൽഹി: മണിപ്പൂരിലേത് ക്രമസമാധാന പ്രശ്നമാണെന്നും അവിടെ സൈനിക ഇടപെടലിന് കോടതി ഉത്തരവിടേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി. മണിപ്പൂരിൽ വംശീയ കലാപം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഗോത്രവിഭാഗക്കാരായ കുക്കികൾക്ക് സൈനിക സംരക്ഷണം തേടി സമർപ്പിച്ച ഹരജി അടിയന്തരമായി കേൾക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ച് വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറന്നശേഷം പരിഗണിക്കാനായി ജൂലൈ മൂന്നിലേക്ക് മാറ്റി. കുക്കികൾക്ക് അടിയന്തരമായി സൈനിക സംരക്ഷണം നൽകിയില്ലെങ്കിൽ ഇനിയൊരു 50 പേർ കൂടി കൊല്ലപ്പെടുമെന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസിന്റെ വാദം സുപ്രീംകോടതി തള്ളി.
സായുധ വർഗീയ സംഘടനയാൽ കുക്കികൾ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുകയാണെന്ന് ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. കുക്കി ഗോത്രക്കാരുടെ സംരക്ഷണത്തിനായുള്ള അടിയന്തര അപേക്ഷ ബുധനാഴ്ച കഴിയില്ലെങ്കിൽ വ്യാഴാഴ്ചയെങ്കിലും പരിഗണിക്കണം. സർക്കാർ നേരത്തേയും ഉറപ്പു നൽകിയിരുന്നു. എന്നാൽ അതിനുശേഷവും 70 കുക്കി വംശജർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗോത്രവിഭാഗങ്ങൾക്ക് സൈനിക സംരക്ഷണം തേടുന്നത് – ഗോൺസാൽവസ് ഓർമിപ്പിച്ചു.
സുപ്രീംകോടതി അവധിക്ക് അടക്കുന്നതിന് മുമ്പും സമാന ആവശ്യങ്ങൾ വന്നതാണെന്നും അവധി കഴിഞ്ഞ് പരിഗണിക്കാനാണ് സുപ്രീംകോടതി അന്ന് തീരുമാനിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. സുരക്ഷ ഏജൻസികൾ ഗ്രൗണ്ടിലുണ്ട് എന്നു കൂടി പറഞ്ഞാണ് ഹരജി അവധി കഴിഞ്ഞ് കോടതി തുറന്ന ശേഷം പരിഗണിക്കാനായി ബെഞ്ച് നീട്ടിവെച്ചത്.
കുക്കികളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള വർഗീയ അജണ്ടയിൽ വ്യാപൃതരായ മണിപ്പൂർ മുഖ്യമന്ത്രിയുടെയും കേന്ദ്ര സർക്കാറിന്റെയും പൊള്ളയായ വാഗ്ദാനങ്ങൾ സുപ്രീംകോടതി മുഖവിലക്കെടുക്കരുതെന്നും സംസ്ഥാന സർക്കാറിനെയും പൊലീസിനെയും വിശ്വാസമില്ലാത്തതിനാൽ ഗോത്ര വിഭാഗത്തിന് ഇന്ത്യൻ സൈന്യം സംരക്ഷണം നൽകണമെന്നും മണിപ്പൂർ ട്രൈബൽ ഫോറം ഇടക്കാല അപേക്ഷയിൽ ബോധിപ്പിച്ചിരുന്നു.