മണിയൂർ പോക്‌സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റേ

news image
Oct 26, 2026, 3:02 pm GMT+0000 payyolionline.in

പയ്യോളി: മണിയൂർ പോക്‌സോ കേസിലെ പ്രതി വടകര ചങ്ങരോത്ത് റഫീഖിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്ന്  വൈകീട്ടോടെയാണ് കീഴ്‌ക്കോടതി ഉത്തരവിനെതിരായ ഹൈക്കോടതിയുടെ നടപടി.

ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു. കോടതി വിധി വന്ന ദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച റഫീഖിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ചയോടെ ഇയാൾ ഇവിടെനിന്ന് മുങ്ങി. പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് വന്നത്.

ആശുപത്രിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടതിനെ തുടർന്ന് വിമാനത്താവളങ്ങളിലും ജില്ലാ-സംസ്ഥാന അതിർത്തികളിലും പോലീസ് കനത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് അന്വേഷണസംഘത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അപ്രതീക്ഷിത വിധി ഉണ്ടായത്.

അതേസമയം, പ്രതിയെ പിടികൂടുന്നതിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പയ്യോളി പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe