ശബരിമല: മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസ് വഴി കെഎസ്ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവീസുകളും 34,000 ദീർഘദൂര സർവീസുകളും നടത്തി. ആകെ 64.25 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. പമ്പ, നിലയ്ക്കൽ ഡിപ്പോകൾ കേന്ദ്രീകരിച്ച് നടത്തിയ സർവീസുകളുടെ വരുമാന കണക്കാണിത്.
ജനുവരി 15ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ തീർഥാടകരെയും കൊണ്ട് രാത്രി 7 മുതൽ 16ന് പുലർച്ചെ 3.30 വരെ പമ്പ -നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസുകൾ നടത്തി. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവീസുകളും നടത്തി. തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ശനി രാത്രി വരെ ചെയിൻ സർവീസുകളും 21ന് പുലർച്ചെ നാല് വരെ ദീർഘദൂര സർവീസുകളും ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ അറിയിച്ചു.