മണ്ണിടിഞ്ഞതിന്റെ ഉപഗ്രഹ ദൃശ്യം ഐഎസ്ആർഒയുടെ കൈവശം ഇല്ല; ഇനി ആശ്രയം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹം

news image
Jul 22, 2024, 7:24 am GMT+0000 payyolionline.in

കർണാടക: അർജുനും ലോറിയും മണ്ണിനടിയിൽപ്പെട്ട ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ കൈവശമില്ല. അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ആ മേഖലയിലെ ദൃശ്യങ്ങൾ‌ പകർത്തിയിട്ടില്ല എന്നു കണ്ടെത്തി. മണ്ണിടിഞ്ഞ സമയത്തെയോ അതിനു തൊട്ടു പിൻപോ മുൻപോ നടന്ന ദൃശങ്ങളാണ് ഐഎസ്‌ആർഒയുടെ കൈവശമില്ലാത്തത്.

അപകടം നടക്കുന്നതിന് 2 മണിക്കൂർ മുൻപും അതിനുശേഷം വൈകിട്ട് 6 നുമാണ് ഇവിടത്തെ ദൃശ്യങ്ങൾ ഇന്ത്യൻ ഉപഗ്രഹങ്ങൾ പകർത്തിയിട്ടുള്ളത്. ഒരേ സ്ഥലത്തെ ദൃശ്യങ്ങളല്ല ഉപഗ്രഹങ്ങൾ പകർത്തുന്നത്. കറങ്ങിക്കൊണ്ട് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സഞ്ചരിച്ചു മാറിമാറിയാണ് ഉപഗ്രഹ ദൃശ്യങ്ങളെടുക്കുന്നത്.

കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസറിങ് ആപ്ലിക്കേഷൻ സെന്ററാണ് കർണാടകയിൽ ഐസ്ആർഒയ്ക്കു വേണ്ടി ഇക്കാര്യങ്ങൾ നടത്തുന്ന നോഡൽ ഏജൻസി. അപകട സ്ഥലത്തിന്റെ വിവിധ ദൃശ്യങ്ങൾ ഐഎസ്ആർഒ കൈമാറിയിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് അവിടത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒയുടെ സാറ്റലൈറ്റ് പകർത്തിയിട്ടില്ലെങ്കിലും മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ സാറ്റലൈറ്റ് അപകട സമയം ഇവിടുത്തെ ദൃശ്യങ്ങൾ പകർത്തിയോ എന്നാണു പരിശോധിക്കുന്നത്.

കെ.സി.വേണുഗോപാൽ എംപിയാണ് സാറ്റലൈറ്റ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐഎസ്ആർഒയിൽ‌ ഇടപെടൽ നടത്തിയിരുന്നത്. അർജുനും ലോറിയും കർണാടക അങ്കോലയ്ക്കു സമീപം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടു. റോഡിലെ മണ്ണ് പൂർണമായും നീക്കം ചെയ്തെങ്കിലും അർജുനെ കുറിച്ചു യാതൊരു വിവരവുമില്ല. ഇനി സമീപത്തെ ഗംഗാവലി പുഴയിൽ ഉണ്ടോ എന്നതാണു പരിശോധിക്കുന്നത്. ഇന്നു സൈന്യം ഇവിടെ പരിശോധന ആരംഭിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe