കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫൈസൽ ബാബുവക്കെതിരെ എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. പയ്യാനക്കൽ സ്കൂളിലെ പോളിംഗ് കേന്ദ്രത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഏഴോളം ബൂത്തുകളുള്ള ഈ കേന്ദ്രത്തിൽ രാവിലെ മുതൽ വോട്ടർമാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
വരിയിൽ നിൽക്കുന്ന വോട്ടർമാരോട് മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിൽ വോട്ടഭ്യർത്ഥിച്ചുവെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്ന ആരോപണം. ഇതോടെ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും സംഘർഷാവസ്ഥയുമുണ്ടാകുകയും ചെയ്തു. പോലീസ് ഇടപെട്ട് പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും പോളിംഗ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായി തുടരുകയാണ്. പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽഡിഎഫ് നീക്കം.
