ഡൽഹി: ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍, റാങ്ക് ലിസ്റ്റ് അട്ടിമറി സംഘടിത ആള്‍മാറാട്ടം തുടങ്ങി മത്സര പരീക്ഷകളിലെ തട്ടിപ്പുകള്‍ തടയാന്‍ ലോക് സഭയില്‍ ബില്ല്. ഒരു കോടി രൂപവരെ പിഴയും 10 വര്‍ഷംവരെ തടവുമായി വലിയ ശിക്ഷാവിധികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്ല്.
മത്സര പരീക്ഷാ രംഗത്ത് സംഘടിത അട്ടിമറികളും അഴിമതികളും അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് കേന്ദ്രം ഉണർന്നത്. ഗുജറാത്ത്, രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ് ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളിൽ മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്ന കേസുകള്‍ രാഷ്ട്രീയ വിവാദമായി തുടരുകയാണ്. ആവശ്യമെങ്കില്‍ എന്ന ഉപാധിയോടെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്രത്തിന് അധികാരം ഉണ്ടായിരിക്കും എന്നും ബില്ല് നിര്‍ദ്ദേശിക്കുന്നുണ്ട്. മത്സരപരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ചട്ടങ്ങളുടെ ലംഘനവും കുറ്റകരമാക്കിയിട്ടുണ്ട്. സമർത്ഥരായ വിദ്യാർഥികൾക്ക് സംരക്ഷണം നൽകുക എന്നതാണ് ബില്ലിൻ്റെ ലക്ഷ്യമായി കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്.
ചോദ്യപ്പേപ്പര്‍, ഉത്തരസൂചിക, ഒ.എം.ആര്. ഷീറ്റ് എന്നിവ ചോര്‍ത്തല്‍, ഗൂഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കല്‍, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍, ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം ബില്ലിന്റെ പരിധിയില്‍ വരുന്നു.
എസ് എസ് സി, യു പി എസ് സി, നാറ്റ, ഐ ബി പി എസ്, ആർ ആർ ബി, തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും പരിധിയിൽ വരും. ഇതുവരെ ഇതിനായി പ്രത്യേകം നിയമം ഇല്ലായിരുന്നു. പേഴ്സണല്‍ മന്ത്രാലയം കൊണ്ടുവന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് അവതരിപ്പിച്ചത്. ഇത്തരം കേസുകള്‍ ഡി.വൈ.എസ്.പി., അസി. കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ആയിരിക്കണം അന്വേഷണം നടത്തേണ്ടത് എന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചുമുതല്‍ 10 വര്‍ഷംവരെ തടവ്. ഒരു കോടി രൂപയില്‍ കുറയാത്ത പിഴ എന്നിങ്ങനെ ശിക്ഷ ലഭിക്കും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവ്. 10 ലക്ഷം രൂപവരെ പിഴ എന്നിവ ഈടാക്കും.