തൃശൂർ: തൃശൂർ എറവിന് സമീപം ആറാംകല്ലിൽ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. പ്രതി ക്രിസ്റ്റിയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ക്രിസ്റ്റി ഒളിവിൽപോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആറാംകല്ല് സെൻ്ററിലായിരുന്നു സംഭവം.
തൃശൂർ വാടാനപ്പള്ളി സംസ്ഥാന പാതയോട് ചേർന്നുള്ള എറവ് കൈപ്പിള്ളി റോഡിൽ വച്ച് മദ്യലഹരിയിലായിരുന്ന നാലാംകല്ല് സ്വദേശി മോഹനൻ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. ഇതേതുടർന്ന് ഇതുവഴി വന്ന പ്രദേശവാസികളായ രണ്ട് യുവാക്കളുമായി മോഹനൻ വാക്കു തർക്കത്തിലായി. പ്രദേശവാസിയായ ക്രിസ്റ്റിയുമായാണ് തർക്കമുണ്ടായത്. അസഭ്യം വിളിയിൽ തുടങ്ങിയത് ഒടുവിൽ കയ്യാങ്കളിയിലെത്തി.
വഴക്കിനിടെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മോഹനൻ റോഡിന് സമീപമുള്ള കടയുടെ മുൻവശത്തായി കാനയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയിൽ തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് മോഹനനെ തൃശൂരിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം ഒളിവിൽ പോയ ക്രിസ്റ്റിയെ അന്തിക്കാട് പൊലീസ് രാത്രി തന്നെ പിടികൂടി. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.