‘മനസ് ചെല്ലുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പം, ഇല്ലെങ്കിൽ പ്രായമായി’; നേതൃമാറ്റത്തെ കുറിച്ച് കെ. മുരളീധരൻ

news image
Dec 12, 2024, 6:15 am GMT+0000 payyolionline.in

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പടയൊരുക്കവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രതിപക്ഷ നേതാവ് മാറണമെന്ന ഒരു ചർച്ച നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും മാറ്റേണ്ട ആവശ്യമില്ല. ആരാണ് ഈ കഥ ഉണ്ടാക്കിയതെന്ന് അറിയില്ല. നേതൃമാറ്റമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

താഴേത്തട്ടിലുള്ള പുനഃസംഘടന ഏത് രീതിയിൽ വേണമെന്ന് കെ.പി.സി.സി തീരുമാനിക്കും. പാർട്ടി മുന്നോട്ടു പോകണമെങ്കിൽ യുവാക്കൾ വേണം. യുവാക്കളോടൊപ്പം പ്രായമായവരുടെ നേതൃത്വവും സഹകരണവും ആവശ്യമാണ്. പ്രായമായെന്ന് കരുതി മാതാപിതാക്കളെ ആരും മാറ്റില്ലല്ലോ എന്ന് ചോദിച്ച മുരളീധരൻ പ്രായം എല്ലാവർക്കും വരുമെന്നും ചൂണ്ടിക്കാട്ടി.

ആരുടെയും വഴി അടക്കരുത്. ഇന്നത്തെ പല നേതാക്കളും യുവാക്കളായി വന്നവരാണ്. പ്രായം മാത്രം പോരാ കഴിവും പ്രധാന ഘടകമാണ്. മനസ് ചെല്ലുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പമാണ്. മനസ് ചെല്ലുന്നിടത്ത് ശരീരം ചെന്നില്ലെങ്കിൽ പ്രായമായി. 60ഉം 70ഉം 80ഉം വയസ് ഒരു പ്രശ്മല്ലെന്നും മുരളീധരൻ പറഞ്ഞു.

സി.പി.എം ഏരിയ, ജില്ല സമ്മേളനങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ സംസ്ഥാന സർക്കാറിന്‍റെ പരാജയത്തിന്‍റെ തെളിവാണ്. അത് കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.

യുദ്ധം പിണറായിക്കെതിരെയാണ്. യുദ്ധത്തിൽ സ്വന്തം പക്ഷത്തേക്കല്ല എതിർപക്ഷത്തേക്കാണ് അസ്ത്രം അയക്കുക എന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe