തൊടുപുഴ: ഇടുക്കിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടതായി കേരള കോൺഗ്രസ് യോഗത്തിൽ വിമർശനം.
യു.ഡി.എഫ് എം.എൽ.എയായിരുന്നപ്പോൾ ഇന്നത്തേക്കാൾ മെച്ചമായിരുന്നുവെന്നും ചർച്ച വന്നു. ഇടുക്കി മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കൽ, ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ ആരംഭിക്കൽ, ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കൽ, ഗ്രാമീണ റോഡുകളുടെ വികസനം, ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി നടപ്പാക്കൽ, മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കൽ, വന്യജീവി ശല്യം പരിഹരിക്കൽ, കാർഷിക-ഭൂ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് യോഗം വിലയിരുത്തി.
സർക്കാറിന്റെ കർഷക-ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഒക്ടോബർ അവസാനവാരം നടത്തുന്ന ജനകീയ സമരങ്ങൾക്ക് മുന്നോടിയായി 11 മണ്ഡലം യോഗങ്ങളും കൂടുന്നതിനും കേരള കോൺഗ്രസ് ജന്മദിനമായ ഒക്ടോബർ ഒമ്പതിന് 11 മണ്ഡലം കമ്മറ്റികളുടെയും ആഭിമുഖ്യത്തിൽ 11 കേന്ദ്രങ്ങളിൽ പതാകകൾ ഉയർത്താനും ജന്മമദിനയോഗങ്ങൾ നടത്താനും തീരുമാനിച്ചു. ചെറുതോണിയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അധ്യക്ഷതവഹിച്ചു.
ജില്ല പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, കേരള കർഷക യൂനിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.