മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയി; തിരിച്ചെത്തിപ്പോള്‍ കണ്ടത് തകർന്ന മുൻ വാതിൽ, 40 പവൻ കവർന്നു

news image
Sep 28, 2025, 4:24 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് രണ്ടാഴ്ചക്കിടെ വീണ്ടും മോഷണം. ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തി തുറന്ന് 40 പവന്‍റെ സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അനസ്തേഷ്യ ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയോടെ ആയിരുന്നു മോഷണമെന്ന് പൊലീസ് പറയുന്നു. കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയതാണ് ഡോക്ടർ ഗായത്രിയും കുടുംബവും. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്ന് പുലർച്ചെ 1.55ന് വീടിന്റെ മതിൽ ചാടി കടന്ന കള്ളൻ, മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയിലും മേശയിലും സൂക്ഷിച്ച 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാൾ വിദഗ്ധമായി മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

രണ്ടാഴ്ചക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ‌ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. കഴിഞ്ഞ ദിവസം ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവനോളം സ്വർണം കവർന്നിരുന്നു. ഈ കേസില്‍ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മോഷണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe