മര്‍ദനത്തില്‍ ഷഹബാസിന്‍റെ തലയോട്ടി തകര്‍ന്നു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

news image
Mar 1, 2025, 9:37 am GMT+0000 payyolionline.in

താമരശ്ശേരി :

കോഴിക്കോട് താമരശേരിയിൽ വിദ്യാർഥികളുടെ ക്രൂരമർദനമേറ്റ് പത്താം ക്ലാസുകാരൻ മരിച്ചതിൽ നടുങ്ങി കേരളം . കൂട്ടുകാർ കൂട്ടം ചേർന്ന് തല്ലിയപ്പോൾ, തല‌ക്കേറ്റ ക്ഷതമാണ് ദാരുണമരണത്തിന് കാരണം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചുങ്കം പലോറക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസ് പുലർച്ചെയാണ് മരിച്ചത്.

 

തലയ്ക്ക് പിന്നിലേറ്റ അതി ശക്ത‌മായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മർദനം . വലതുചെവിയുടെ മുകളിൽ തലയോട്ടി പൊട്ടിയെന്നാണ് പോസ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ മുതൽ വെന്റിലേറ്ററിലായിരുന്ന ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്ന അവസ്ഥയിലായിരുന്നില്ല. അർധരാത്രിയോടെ സ്ഥിതി വഷളായി ഒരു മണിയോടെ മരണം സ്‌ഥിരീകരിച്ചു. താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടി അബോധാവസ്‌ഥയിലായിരുന്നെന്ന് അയൽവാസി മുഹമ്മദ് സാലി പറഞ്ഞു.

 

വ്യാഴാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് എ.ജെ ഹയർ സെക്കന്ററി സ്കൂ‌ളിലേയും താമരശ്ശേരി ഹയർ സെക്കൻററി സ്കൂളിലേയും ഒരു കൂട്ടം വിദ്യാർഥികൾ തമ്മിലടിച്ചത്. സംഘർഷം കഴിഞ്ഞ് ഏഴു മണിയോടെ വീട്ടിലെത്തിയ ഷഹബാസ് മുറിയിൽ കയറി കിടന്നു രാത്രിയോടെ ഛർദിക്കുന്നത് കണ്ട് മാതാപിതാക്കൾ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്നാണ് പുലർച്ചയോടെ മെഡിക്കൽ കോളജിലെത്തിച്ചത്. മോർച്ചറിയിലേക്ക് മാറ്റിയ മുതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

 

കഴിഞ്ഞ ഞായറാഴ്‌ച ട്യൂഷൻ സെന്റർ കേന്ദ്രീകരിച്ച് നടന്ന യാത്രയയപ്പ് പാർട്ടിക്കിടയിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിന് മുൻപും ശേഷവും വിദ്യാർത്ഥികൾ കൊലവിളി സന്ദേശങ്ങൾ കൈമാറുന്നതും പ്രതികളിൽ ഒരാൾ കുറ്റം സമ്മതിക്കുന്നതുമായ ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന് ട്യൂഷൻ സെന്റർ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe