തിരുവനന്തപുരം: അപകീർത്തിക്കേസിൽ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.
29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. രാത്രി 12 മണിയോടെ ആയിരുന്നു നടപടി. ജീവനക്കാരുടെ ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തിരുന്നു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചു.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
അതേ സമയം, പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്കെതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്വി ഇല്ലാത്ത നടപടിയാണിതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.