മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പില്‍ യുവതിയെ വീടിന് പിന്നിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. കീരി വീട്ടില്‍ നിസാറിന്റെ ഭാര്യ ജലീസയാണ് (31) മരിച്ചത്. വീടിന് പിന്നിലെ ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ളതാണ് ഈ ഷെഡ്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയാരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തി. ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്നും ഇത് സംശയകരമെന്നും ജലീസയുടെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയതിൻ്റെ തലേദിവസം ജലീസയും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിമാരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ഇവർ ആരോപിക്കുന്നു.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങല്‍ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വര്‍ഷം മുന്‍പാണ് നിസാറും ജലീസയും വിവാഹിതരായത്. നിസാര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ദമ്പതികൾക്ക് ഫാത്തിമ നഷ്വ, ഫാത്തിമ നജ്വ, സൈദ് മുഹമ്മദ് എന്നീ മൂന്ന് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി മറവ് ചെയ്തു. മക്കള്‍: നിശ, നജ്‌വ, സൈത്.
