തിരുവനന്തപുരം: സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും കാലവർഷം ഇത്തവണ നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. മെയ് 24 ഓടെ മൺസൂൺ എത്തുമെന്നാണ് കരുതപ്പെടുന്നത്. 24ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ആൻഡമാൻ ദ്വീപുകളിൽ മേയ് 13ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മേയ് 30ന് മൺസൂൺ എത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇത്തവണയെന്ന് പ്രതീക്ഷിക്കുന്നു.
മേയ് 27നുമുമ്പ് ഇത്തവണ മഴ എത്തിയാൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും നേരത്തെ കാലവർഷം ആരംഭിക്കുന്നത് ഇത്തവണയായിരിക്കും. അതിനിടെ സംസ്ഥാനത്ത് കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും വകുപ്പ് അറിയിച്ചു. കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ ബുധനാഴ്ച രാവിലെ തുറക്കും. ബാവലി, ഇരിട്ടി പുഴയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനും അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.