പ്രയാഗ്രാജ്: മഹാകുംഭമേള നാളെ അവസാനിക്കും. പ്രയാഗ്രാജ് കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. നാളെ ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നാണ് അധികൃതർ വിശദമാക്കുന്നത്. ഇതുവരെ 63 കോടിയിലധികം പേര് സ്നാനത്തിൽ പങ്കെടുത്തു എന്നാണ് യുപി സർക്കാർ പുറത്ത് വിടുന്ന കണക്ക്. എന്നാൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയം എന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം.
ലോകോത്തര സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്രയും പേര് മേളയിൽ പങ്കെടുത്തത് എന്നും പ്രതിപക്ഷം പക്ഷപാതിത്വം കൊണ്ട് അന്ധരായി എന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകുന്ന മറുപടി. 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേൽനോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകൾ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രാജേഷ് ദ്വിവേദി നേരത്തെ വിശദമാക്കിയത്.
മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതിയാണ് നടപ്പിലാക്കിയത്. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. സമഗ്രമായ നിരീക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നിവയും ഇതിനു കീഴിൽ വരുന്നുണ്ട്.