മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഖാദിയുടെ തലപ്പത്ത് പി ജയരാജൻ, പുറത്താക്കണമെന്ന് ബൽറാം

news image
Sep 19, 2024, 10:55 am GMT+0000 payyolionline.in

മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണമെന്ന് ബൽറാം ആവശ്യപ്പെട്ടു. അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ജയരാജന് ആ പദവിയിലിരിക്കാൻ അർഹതയില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

‘അരിയിൽ ഷുക്കൂർ എന്ന ഇളം പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരനെ ആസൂത്രിതമായി ഗൂഢാലോചന നടത്തി നൂറുകണക്കിനാളുകളുകളുടെ മുന്നിൽ പരസ്യമായി നെൽ വയലിൽ വച്ച് തുണ്ടം തുണ്ടമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം എന്ന ഭീകര സംഘടനയിലെ പി. ജയരാജൻ, ടി വി രാജേഷ് എന്നീ രണ്ട് പ്രധാന നേതാക്കൾ വിചാരണ നേരിടാൻ പോവുന്നു. ഇവരിലൊരാളാണ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തവുമായി ഏറെ ബന്ധപ്പെട്ട ഖാദിയുടെ പ്രചരണത്തിനായുള്ള സർക്കാർ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ജയരാജനെ പുറത്താക്കണം’- വിടി ബൽറാം ആവശ്യപ്പെട്ടു.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് പി ജയരാജന്‍റേയും ടിവി രാജേഷിന്‍റെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്‍റേയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകൾ ഉണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe