മഹാശിവരാത്രി നാളെ; സകല പാപങ്ങളെയും ഇല്ലാതാക്കുന്ന വ്രതം, ഉറക്കമൊഴിയുന്നതിന് പിന്നിലെ ഐതിഹ്യമെന്ത്?

news image
Feb 25, 2025, 8:19 am GMT+0000 payyolionline.in

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമാണ്. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്.

വ്രതാനുഷ്ഠാനം എങ്ങനെ?
തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി “ഓം നമശിവായ” ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.

 

ജപിക്കേണ്ട മന്ത്രങ്ങൾ
1.അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
2.ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂർവം ചൊല്ലുക.
3.സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന് .

സമർപ്പിക്കേണ്ട വഴിപാടുകൾ
1.ശിവരാത്രി ദിനത്തിൽ സമർപ്പിക്കുന്ന വഴിപാടുകൾ അതീവഫലദായകമാണ്
2.കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്ന് കൂവളത്തില പറിക്കരുത് . തലേന്ന് പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്പ്പെടുകയില്ല.
3.ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.
4.പിൻവിളക്ക്, ജലധാര എന്നിവയും സമർപ്പിക്കാവുന്നതാണ്.
5. ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക.
6. ദാമ്പത്യ ദുരിതദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
7. സ്വയംവര പുഷ്‌പാഞ്‌ജലി സമർപ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാൻ സഹായകമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe